പുതിയ നിയമംMOV

1 കൊരിന്ത്യര്‍ 3

1എന്നാല്‍ സഹോദരന്മാരേ, നിങ്ങളോട് എനിക്ക് ആത്മികന്മാരോട് എന്നപോലെയല്ല, ജഡികന്മാരോട് എന്നപോലെ, ക്രിസ്തുവില്‍ ശിശുക്കളായവരോട് എന്നപോലെ അത്രേ സംസാരിപ്പാന്‍ കഴിഞ്ഞുള്ളൂ.

2ഭക്ഷണമല്ല, പാല്‍ അത്രേ ഞാന്‍ നിങ്ങള്‍ക്കു തന്നത്; ഭക്ഷിപ്പാന്‍ നിങ്ങള്‍ക്കു കഴിവില്ലായിരുന്നു; ഇപ്പോഴും കഴിവായിട്ടില്ല; ഇന്നും നിങ്ങള്‍ ജഡികന്മാരല്ലോ.

3നിങ്ങളുടെ ഇടയില്‍ ഈര്‍ഷ്യയും പിണക്കവും ഇരിക്കെ, നിങ്ങള്‍ ജഡികന്മാരും ശേഷം മനുഷ്യരെപ്പോലെ നടക്കുന്നവരുമല്ലയോ?

4ഒരുത്തന്‍: ഞാന്‍ പൗലൊസിന്‍റെ പക്ഷക്കാരനെന്നും, മറ്റൊരുത്തന്‍: ഞാന്‍ അപ്പൊല്ലോസിന്‍റെ പക്ഷക്കാരനെന്നും പറയുമ്പോള്‍ നിങ്ങള്‍ സാധാരണ മനുഷ്യരല്ലയോ?

5അപ്പൊല്ലോസ് ആര്‍? പൗലൊസ് ആര്‍? തങ്ങള്‍ക്കു കര്‍ത്താവ് നല്കിയതുപോലെ നിങ്ങള്‍ വിശ്വസിപ്പാന്‍ കാരണമായിത്തീര്‍ന്ന ശുശ്രൂഷക്കാരത്രേ.

6ഞാന്‍ നട്ടു, അപ്പൊല്ലോസ് നനച്ചു, ദൈവമത്രേ വളരുമാറാക്കിയത്.

7ആകയാല്‍ വളരുമാറാക്കുന്ന ദൈവമല്ലാതെ നടുന്നവനും നനയ്ക്കുന്നവനും ഏതുമില്ല.

8നടുന്നവനും നനയ്ക്കുന്നവനും ഒരുപോലെ; ഓരോരുത്തനു താന്താന്‍റെ അധ്വാനത്തിന് ഒത്തവണ്ണം കൂലി കിട്ടും.

9ഞങ്ങള്‍ ദൈവത്തിന്‍റെ കൂട്ടുവേലക്കാര്‍; നിങ്ങള്‍ ദൈവത്തിന്‍റെ കൃഷി, ദൈവത്തിന്‍റെ ഗൃഹനിര്‍മാണം.

10എനിക്കു ലഭിച്ച ദൈവകൃപയ്ക്ക് ഒത്തവണ്ണം ഞാന്‍ ജ്ഞാനമുള്ളോരു പ്രധാന ശില്പിയായി അടിസ്ഥാനം ഇട്ടിരിക്കുന്നു; മറ്റൊരുത്തന്‍ മീതെ പണിയുന്നു; താന്‍ എങ്ങനെ പണിയുന്നു എന്ന് ഓരോരുത്തനും നോക്കിക്കൊള്ളട്ടെ.

11യേശുക്രിസ്തു എന്ന ഇട്ടിരിക്കുന്ന അടിസ്ഥാനമല്ലാതെ മറ്റൊന്ന് ഇടുവാന്‍ ആര്‍ക്കും കഴികയില്ല.

12ആ അടിസ്ഥാനത്തിന്മേല്‍ ആരെങ്കിലും പൊന്ന്, വെള്ളി, വിലയേറിയ കല്ല്, മരം, പുല്ല്, വൈക്കോല്‍ എന്നിവ പണിയുന്നു എങ്കില്‍ അവനവന്‍റെ പ്രവൃത്തി വെളിപ്പെട്ടുവരും;

13ആ ദിവസം അതിനെ തെളിവാക്കും; അതു തീയോടെ വെളിപ്പെട്ടുവരും; ഓരോരുത്തന്‍റെ പ്രവൃത്തി ഇന്നവിധം എന്നു തീ തന്നെ ശോധന ചെയ്യും.

14ഒരുത്തന്‍ പണിത പ്രവൃത്തി നിലനില്ക്കും എങ്കില്‍ അവനു പ്രതിഫലം കിട്ടും.

15ഒരുത്തന്‍റെ പ്രവൃത്തി വെന്തുപോയെങ്കില്‍ അവനു ചേതം വരും; താനോ രക്ഷിക്കപ്പെടും; എന്നാല്‍ തീയില്‍ക്കൂടി എന്നപോലെ അത്രേ.

16നിങ്ങള്‍ ദൈവത്തിന്‍റെ മന്ദിരം എന്നും ദൈവത്തിന്‍റെ ആത്മാവ് നിങ്ങളില്‍ വസിക്കുന്നു എന്നും അറിയുന്നില്ലയോ?

17ദൈവത്തിന്‍റെ മന്ദിരം നശിപ്പിക്കുന്നവനെ ദൈവം നശിപ്പിക്കും; ദൈവത്തിന്‍റെ മന്ദിരം വിശുദ്ധമല്ലോ; നിങ്ങളും അങ്ങനെതന്നെ.

18ആരും തന്നെത്താന്‍ വഞ്ചിക്കരുത്; താന്‍ ഈ ലോകത്തില്‍ ജ്ഞാനി എന്നു നിങ്ങളില്‍ ആര്‍ക്കെങ്കിലും തോന്നിയാല്‍ അവന്‍ ജ്ഞാനിയാകേണ്ടതിന് ഭോഷനായിത്തീരട്ടെ.

19ഈ ലോകത്തിന്‍റെ ജ്ഞാനം ദൈവസന്നിധിയില്‍ ഭോഷത്തമത്രേ. “അവന്‍ ജ്ഞാനികളെ അവരുടെ കൗശലത്തില്‍ പിടിക്കുന്നു” എന്നും

20“കര്‍ത്താവു ജ്ഞാനികളുടെ വിചാരം വ്യര്‍ഥം എന്നറിയുന്നു.” എന്നും എഴുതിയിരിക്കുന്നുവല്ലോ.

21ആകയാല്‍ ആരും മനുഷ്യരില്‍ പ്രശംസിക്കരുത്; സകലവും നിങ്ങള്‍ക്കുള്ളതല്ലോ.

22പൗലൊസോ, അപ്പൊല്ലോസോ, കേഫാവോ, ലോകമോ, ജീവനോ, മരണമോ, ഇപ്പോഴുള്ളതോ, വരുവാനുള്ളതോ സകലവും നിങ്ങള്‍ക്കുള്ളത്.

23നിങ്ങളോ ക്രിസ്തുവിനുള്ളവര്‍; ക്രിസ്തു ദൈവത്തിനുള്ളവന്‍.