പുതിയ നിയമംMOV
1ഞാനും, സഹോദരന്മാരേ, നിങ്ങളുടെ അടുക്കല്‍ വന്നപ്പോള്‍ വചനത്തിന്റെയോ ജ്ഞാനത്തിന്റെയോ വൈഭവം കൂടാതെയത്രേ ദൈവത്തിന്റെ സാക്ഷ്യം നിങ്ങളോടു പ്രസ്താവിപ്പാന്‍ വന്നത്.
2ക്രൂശിക്കപ്പെട്ടവനായ യേശുക്രിസ്തുവിനെ അല്ലാതെ മറ്റൊന്നും അറിയാത്തവനായി നിങ്ങളുടെ ഇടയില്‍ ഇരിക്കേണം എന്നു ഞാന്‍ നിര്‍ണയിച്ചു.
3ഞാന്‍ ബലഹീനതയോടും ഭയത്തോടും വളരെ നടുക്കത്തോടുംകൂടെ നിങ്ങളുടെ ഇടയില്‍ ഇരുന്നു.
4നിങ്ങളുടെ വിശ്വാസത്തിനു മനുഷ്യരുടെ ജ്ഞാനമല്ല, ദൈവത്തിന്റെ ശക്തിതന്നെ ആധാരമായിരിക്കേണ്ടതിന്
5എന്റെ വചനവും എന്റെ പ്രസംഗവും ജ്ഞാനത്തിന്റെ വശീകരണവാക്കുകളാല്‍ അല്ല, ആത്മാവിന്റെയും ശക്തിയുടെയും പ്രദര്‍ശനത്താലത്രേ ആയിരുന്നത്.
6എന്നാല്‍ തികഞ്ഞവരുടെ ഇടയില്‍ ഞങ്ങള്‍ ജ്ഞാനം സംസാരിക്കുന്നു; ഈ ലോകത്തിന്റെ ജ്ഞാനമല്ല നശിച്ചുപോകുന്നവരായ ഈ ലോകത്തിന്റെ പ്രഭുക്കന്മാരുടെ ജ്ഞാനവുമല്ല;
7ദൈവം ലോകസൃഷ്ടിക്കു മുമ്പേ നമ്മുടെ തേജസ്സിനായി മുന്നിയമിച്ചതും മറഞ്ഞിരുന്നതുമായ ദൈവത്തിന്റെ ജ്ഞാനമത്രേ മര്‍മമായി ഞങ്ങള്‍ പ്രസ്താവിക്കുന്നു.
8അത് ഈ ലോകത്തിന്റെ പ്രഭുക്കന്മാര് ആരും അറിഞ്ഞില്ല; അറിഞ്ഞിരുന്നു എങ്കില്‍ അവര്‍ തേജസ്സിന്റെ കര്‍ത്താവിനെ ക്രൂശിക്കയില്ലായിരുന്നു.
9“ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്ക് ഒരുക്കീട്ടുള്ളതു കണ്ണു കണ്ടിട്ടില്ല, ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യന്റെയും ഹൃദയത്തില്‍ തോന്നീട്ടുമില്ല” എന്ന് എഴുതിയിരിക്കുന്നതുപോലെ തന്നെ.
10നമുക്കോ ദൈവം തന്റെ ആത്മാവിനാല്‍ വെളിപ്പെടുത്തിയിരിക്കുന്നു; ആത്മാവു സകലത്തെയും ദൈവത്തിന്റെ ആഴങ്ങളെയും ആരായുന്നു.
11മനുഷ്യനിലുള്ളത് അവനിലെ മാനുഷാത്മാവല്ലാതെ മനുഷ്യരില്‍ ആര് അറിയും? അവ്വണ്ണംതന്നെ ദൈവത്തിലുള്ളതു ദൈവാത്മാവല്ലാതെ ആരും ഗ്രഹിച്ചിട്ടില്ല.
12നാമോ ലോകത്തിന്റെ ആത്മാവിനെ അല്ല, ദൈവം നമുക്കു നല്‍കിയത് അറിവാനായി ദൈവത്തില്‍നിന്നുള്ള ആത്മാവിനെ അത്രേ പ്രാപിച്ചത്.
13അതു ഞങ്ങള്‍ മാനുഷജ്ഞാനം ഉപദേശിക്കുന്ന വചനങ്ങളാല്‍ അല്ല, ആത്മാവ് ഉപദേശിക്കുന്ന വചനങ്ങളാല്‍തന്നെ പ്രസ്താവിച്ചുകൊണ്ട് ആത്മികന്മാര്‍ക്ക് ആത്മികമായതു തെളിയിക്കുന്നു.
14എന്നാല്‍ പ്രാകൃതമനുഷ്യന് ദൈവാത്മാവിന്റെ ഉപദേശം കൈക്കൊള്ളുന്നില്ല; അത് അവനു ഭോഷത്തം ആകുന്നു. ആത്മികമായി വിവേചിക്കേണ്ടതാകയാല്‍ അത് അവനു ഗ്രഹിപ്പാന്‍ കഴിയുന്നതുമല്ല.
15ആത്മികനോ സകലത്തെയും വിവേചിക്കുന്നു; താന്‍ ആരാലും വിവേചിക്കപ്പെടുന്നതുമില്ല.
16കര്‍ത്താവിന്റെ മനസ്സ് അറിഞ്ഞ് അവനെ ഗ്രഹിപ്പിക്കാകുന്നവന്‍ ആര്? നാമോ ക്രിസ്തുവിന്റെ മനസ്സുള്ളവര്‍ ആകുന്നു.