പുതിയ നിയമംMOV

1 കൊരിന്ത്യര്‍ 1

1ദൈവേഷ്ടത്താല്‍ യേശുക്രിസ്തുവിന്‍റെ അപ്പൊസ്തലനായി വിളിക്കപ്പെട്ട പൗലൊസും സഹോദരനായ സോസ്തെനേസും കൊരിന്തിലുള്ള ദൈവസഭയ്ക്ക്,

2ക്രിസ്തുയേശുവില്‍ വിശുദ്ധീകരിക്കപ്പെട്ടവരും അവിടെയും ഇവിടെയും എവിടെയും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവരോടുംകൂടെ വിളിക്കപ്പെട്ട വിശുദ്ധന്മാരുമായവര്‍ക്കുതന്നെ, എഴുതുന്നത്;

3നമ്മുടെ പിതാവായ ദൈവത്തിങ്കല്‍നിന്നും കര്‍ത്താവായ യേശുക്രിസ്തുവിങ്കല്‍നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.

4നിങ്ങള്‍ക്കു ക്രിസ്തുയേശുവില്‍ നല്കപ്പെട്ട ദൈവകൃപനിമിത്തം ഞാന്‍ എന്‍റെ ദൈവത്തിനു നിങ്ങളെക്കുറിച്ച് എപ്പോഴും സ്തോത്രം ചെയ്യുന്നു.

5ക്രിസ്തുവിന്‍റെ സാക്ഷ്യം നിങ്ങളില്‍ ഉറപ്പായിരിക്കുന്നതുപോലെ

6അവനില്‍ നിങ്ങള്‍ സകലത്തിലും വിശേഷാല്‍ സകല വചനത്തിലും സകല പരിജ്ഞാനത്തിലും സമ്പന്നരായിത്തീര്‍ന്നു.

7ഇങ്ങനെ നിങ്ങള്‍ ഒരു കൃപാവരത്തിലും കുറവില്ലാത്തവരായി നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പ്രത്യക്ഷത കാത്തിരിക്കുന്നു.

8നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാളില്‍ കുറ്റമില്ലാത്തവരായിരിക്കേണ്ടതിന് അവന്‍ നിങ്ങളെ അവസാനത്തോളം ഉറപ്പിക്കും.

9തന്‍റെ പുത്രനും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കൂട്ടായ്മയിലേക്കു നിങ്ങളെ വിളിച്ചിരിക്കുന്ന ദൈവം വിശ്വസ്തന്‍.

10സഹോദരന്മാരേ, നിങ്ങള്‍ എല്ലാവരും ഒന്നുതന്നെ സംസാരിക്കയും നിങ്ങളുടെ ഇടയില്‍ ഭിന്നത ഭവിക്കാതെ ഏകമനസ്സിലും ഏകാഭിപ്രായത്തിലും യോജിച്ചിരിക്കയും വേണം എന്നു ഞാന്‍ നിങ്ങളെ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമം ചൊല്ലി പ്രബോധിപ്പിക്കുന്നു.

11സഹോദരന്മാരേ, നിങ്ങളുടെ ഇടയില്‍ പിണക്കം ഉണ്ടെന്നു ക്ലോവയുടെ ആളുകളാല്‍ എനിക്ക് അറിവു കിട്ടിയിരിക്കുന്നു.

12നിങ്ങളില്‍ ഓരോരുത്തന്‍: ഞാന്‍ പൗലൊസിന്‍റെ പക്ഷക്കാരന്‍, ഞാന്‍ അപ്പൊല്ലോസിന്‍റെ പക്ഷക്കാരന്‍, ഞാന്‍ കേഫാവിന്‍റെ പക്ഷക്കാരന്‍, ഞാന്‍ ക്രിസ്തുവിന്‍റെ പക്ഷക്കാരന്‍ എന്നിങ്ങനെ പറയുന്നുപോല്‍.

13ക്രിസ്തു വിഭാഗിക്കപ്പെട്ടിരിക്കുന്നുവോ? പൗലൊസ് നിങ്ങള്‍ക്കുവേണ്ടി ക്രൂശിക്കപ്പെട്ടുവോ? അല്ല, പൗലൊസിന്‍റെ നാമത്തില്‍ നിങ്ങള്‍ സ്നാനം ഏറ്റുവോ?

14എന്‍റെ നാമത്തില്‍ ഞാന്‍ സ്നാനം കഴിപ്പിച്ചു എന്ന്

15ആരും പറയാതവണ്ണം ക്രിസ്പൊസിനെയും ഗായൊസിനെയും ഒഴികെ നിങ്ങളില്‍ ആരെയും ഞാന്‍ സ്നാനം കഴിപ്പിക്കായ്കയാല്‍ ഞാന്‍ ദൈവത്തിനു സ്തോത്രം ചെയ്യുന്നു.

16സ്തെഫനാസിന്‍റെ ഭവനക്കാരെയും ഞാന്‍ സ്നാനം കഴിപ്പിച്ചു; അതല്ലാതെ മറ്റു വല്ലവരെയും സ്നാനം കഴിപ്പിച്ചുവോ എന്നു ഞാന്‍ ഓര്‍ക്കുന്നില്ല.

17സ്നാനം കഴിപ്പിപ്പാന്‍ അല്ല സുവിശേഷം അറിയിപ്പാനത്രേ ക്രിസ്തു എന്നെ അയച്ചത്; ക്രിസ്തുവിന്‍റെ ക്രൂശ് വ്യര്‍ഥമാകാതിരിക്കേണ്ടതിനു വാക്ചാതുര്യത്തോടെ അല്ലതാനും.

18ക്രൂശിന്‍റെ വചനം നശിച്ചുപോകുന്നവര്‍ക്കു ഭോഷത്തവും രക്ഷിക്കപ്പെടുന്ന നമുക്കോ ദൈവശക്തിയും ആകുന്നു.

19“ജ്ഞാനികളുടെ ജ്ഞാനം ഞാന്‍ നശിപ്പിക്കയും ബുദ്ധിമാന്മാരുടെ ബുദ്ധി ദുര്‍ബലമാക്കുകയും ചെയ്യും” എന്ന് എഴുതിയിരിക്കുന്നുവല്ലോ.

20ജ്ഞാനി എവിടെ? ശാസ്ത്രി എവിടെ? ഈ ലോകത്തിലെ താര്‍ക്കികന്‍ എവിടെ? ലോകത്തിന്‍റെ ജ്ഞാനം ദൈവം ഭോഷത്തമാക്കിയില്ലയോ?

21ദൈവത്തിന്‍റെ ജ്ഞാനത്തില്‍ ലോകം ജ്ഞാനത്താല്‍ ദൈവത്തെ അറിയായ്കകൊണ്ടു വിശ്വസിക്കുന്നവരെ പ്രസംഗത്തിന്‍റെ ഭോഷത്തത്താല്‍ രക്ഷിപ്പാന്‍ ദൈവത്തിനു പ്രസാദം തോന്നി.

22യെഹൂദന്മാര്‍ അടയാളം ചോദിക്കയും യവനന്മാര്‍ ജ്ഞാനം അന്വേഷിക്കയും ചെയ്യുന്നു;

23ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു;

24യെഹൂദന്മാര്‍ക്ക് ഇടര്‍ച്ചയും ജാതികള്‍ക്കു ഭോഷത്തവുമെങ്കിലും യെഹൂദന്മാരാകട്ടെ യവനന്മാരാകട്ടെ വിളിക്കപ്പെട്ട ഏവര്‍ക്കും ദൈവശക്തിയും ദൈവജ്ഞാനവുമായ ക്രിസ്തുവിനെത്തന്നെ.

25ദൈവത്തിന്‍റെ ഭോഷത്തം മനുഷ്യരെക്കാള്‍ ജ്ഞാനമേറിയതും ദൈവത്തിന്‍റെ ബലഹീനത മനുഷ്യരെക്കാള്‍ ബലമേറിയതും ആകുന്നു.

26സഹോദരന്മാരേ, നിങ്ങളുടെ വിളിയെ നോക്കുവിന്‍: ലോകാഭിപ്രായപ്രകാരം ജ്ഞാനികള്‍ ഏറെയില്ല, ബലവാന്മാര്‍ ഏറെയില്ല, കുലീനന്മാരും ഏറെയില്ല.

27ജ്ഞാനികളെ ലജ്ജിപ്പിപ്പാന്‍ ദൈവം ലോകത്തില്‍ ഭോഷത്തമായതു തിരഞ്ഞെടുത്തു; ബലമുള്ളതിനെ ലജ്ജിപ്പിപ്പാന്‍ ദൈവം ലോകത്തില്‍ ബലഹീനമായതു തിരഞ്ഞെടുത്തു.

28ഉള്ളതിനെ ഇല്ലായ്മയാക്കുവാന്‍ ദൈവം ലോകത്തില്‍ കുലഹീനവും നികൃഷ്ടവുമായതും ഏതുമില്ലാത്തതും തിരഞ്ഞെടുത്തു;

29ദൈവസന്നിധിയില്‍ ഒരു ജഡവും പ്രശംസിക്കാതിരിക്കേണ്ടതിനു തന്നെ.

30നിങ്ങളോ അവനാല്‍ ക്രിസ്തുയേശുവില്‍ ഇരിക്കുന്നു. അവന്‍ നമുക്കു ദൈവത്തിങ്കല്‍നിന്നു ജ്ഞാനവും നീതിയും ശുദ്ധീകരണവും വീണ്ടെടുപ്പുമായിത്തീര്‍ന്നു.

31“പ്രശംസിക്കുന്നവന്‍ കര്‍ത്താവില്‍ പ്രശംസിക്കട്ടെ” എന്ന് എഴുതിയിരിക്കുന്നതുപോലെ ആകേണ്ടതിനു തന്നെ.