പുതിയ നിയമംMOV

1 കൊരിന്ത്യര്‍ 15

1എന്നാല്‍ സഹോദരന്മാരേ, ഞാന്‍ നിങ്ങളോടു സുവിശേഷിച്ചതും നിങ്ങള്‍ക്കു ലഭിച്ചതും നിങ്ങള്‍ നില്ക്കുന്നതും

2നിങ്ങള്‍ വിശ്വസിച്ചതും വൃഥാവല്ലെന്നു വരികില്‍ നിങ്ങള്‍ രക്ഷിക്കപ്പെടുന്നതുമായ സുവിശേഷം നിങ്ങള്‍ പിടിച്ചുകൊണ്ടാല്‍ ഞാന്‍ ഇന്നവിധം നിങ്ങളോടു സുവിശേഷിച്ചിരിക്കുന്നു എന്നു നിങ്ങളെ ഓര്‍പ്പിക്കുന്നു.

3ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി തിരുവെഴുത്തുകളിന്‍പ്രകാരം മരിച്ചു അടക്കപ്പെട്ടു,

4തിരുവെഴുത്തുകളിന്‍പ്രകാരം മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റു

5കേഫാവിനും പിന്നെ പന്തിരുവര്‍ക്കും പ്രത്യക്ഷനായി എന്നിങ്ങനെ ഞാന്‍ ഗ്രഹിച്ചതുതന്നെ നിങ്ങള്‍ക്ക് ആദ്യമായി ഏല്പിച്ചുതന്നുവല്ലോ.

6അനന്തരം അവന്‍ അഞ്ഞൂറില്‍ അധികം സഹോദരന്മാര്‍ക്ക് ഒരുമിച്ചു പ്രത്യക്ഷനായി; അവര്‍ മിക്കപേരും ഇന്നുവരെ ജീവനോടിരിക്കുന്നു; ചിലരോ നിദ്രപ്രാപിച്ചിരിക്കുന്നു.

7അനന്തരം അവന്‍ യാക്കോബിനും പിന്നെ അപ്പൊസ്തലന്മാര്‍ക്കും എല്ലാവര്‍ക്കും പ്രത്യക്ഷനായി.

8എല്ലാവര്‍ക്കും ഒടുവില്‍ അകാലപ്രജപോലെയുള്ള എനിക്കും പ്രത്യക്ഷനായി;

9ഞാന്‍ അപ്പൊസ്തലന്മാരില്‍ ഏറ്റവും ചെറിയവനല്ലോ; ദൈവസഭയെ ഉപദ്രവിച്ചതിനാല്‍ അപ്പൊസ്തലന്‍ എന്ന പേരിനു യോഗ്യനുമല്ല.

10എങ്കിലും ഞാന്‍ ആകുന്നതു ദൈവകൃപയാല്‍ ആകുന്നു; എന്നോടുള്ള അവന്‍റെ കൃപ വ്യര്‍ഥമായതുമില്ല; അവരെല്ലാവരെക്കാളും ഞാന്‍ അത്യന്തം അധ്വാനിച്ചിരിക്കുന്നു; എന്നാല്‍ ഞാനല്ല എന്നോടുകൂടെയുള്ള ദൈവകൃപയത്രേ.

11ഞാനാകട്ടെ അവരാകട്ടെ ഇവ്വണ്ണം ഞങ്ങള്‍ പ്രസംഗിക്കുന്നു; ഇവ്വണ്ണം നിങ്ങള്‍ വിശ്വസിച്ചുമിരിക്കുന്നു.

12ക്രിസ്തു മരിച്ചിട്ട് ഉയിര്‍ത്തെഴുന്നേറ്റു എന്നു പ്രസംഗിച്ചുവരുന്ന അവസ്ഥയ്ക്കു മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എന്നു നിങ്ങളില്‍ ചിലര്‍ പറയുന്നത് എങ്ങനെ?

13മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എങ്കില്‍ ക്രിസ്തുവും ഉയിര്‍ത്തെഴുന്നേറ്റിട്ടില്ല.

14ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റിട്ടില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ഥം;

15നിങ്ങളുടെ വിശ്വാസവും വ്യര്‍ഥം. മരിച്ചവര്‍ ഉയിര്‍ക്കുന്നില്ല എന്നു വരികില്‍ ദൈവം ഉയിര്‍പ്പിച്ചിട്ടില്ലാത്ത ക്രിസ്തുവിനെ അവന്‍ ഉയിര്‍പ്പിച്ചു എന്നു ദൈവത്തിനു വിരോധമായി സാക്ഷ്യം പറകയാല്‍ ഞങ്ങള്‍ ദൈവത്തിനു കള്ളസ്സാക്ഷികള്‍ എന്നുവരും.

16മരിച്ചവര്‍ ഉയിര്‍ക്കുന്നില്ല എങ്കില്‍ ക്രിസ്തുവും ഉയിര്‍ത്തിട്ടില്ല.

17ക്രിസ്തു ഉയിര്‍ത്തിട്ടില്ല എങ്കില്‍ നിങ്ങളുടെ വിശ്വാസം വ്യര്‍ഥമത്രേ; നിങ്ങള്‍ ഇന്നും നിങ്ങളുടെ പാപങ്ങളില്‍ ഇരിക്കുന്നു.

18ക്രിസ്തുവില്‍ നിദ്രകൊണ്ടവരും നശിച്ചുപോയി.

19നാം ഈ ആയുസ്സില്‍ മാത്രം ക്രിസ്തുവില്‍ പ്രത്യാശ വച്ചിരിക്കുന്നു എങ്കില്‍ സകല മനുഷ്യരിലും അരിഷ്ടന്മാരത്രേ.

20എന്നാല്‍ ക്രിസ്തു നിദ്രകൊണ്ടവരില്‍ ആദ്യഫലമായി മരിച്ചവരുടെ ഇടയില്‍നിന്ന് ഉയിര്‍ത്തിരിക്കുന്നു.

21മനുഷ്യന്‍മൂലം മരണം ഉണ്ടാകയാല്‍ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യന്‍മൂലം ഉണ്ടായി.

22ആദാമില്‍ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവില്‍ എല്ലാവരും ജീവിപ്പിക്കപ്പെടും.

23ഓരോരുത്തനും താന്താന്‍റെ നിരയിലത്രേ; ആദ്യഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിനുള്ളവര്‍ അവന്‍റെ വരവിങ്കല്‍;

24പിന്നെ അവസാനം; അന്ന് അവന്‍ എല്ലാ വാഴ്ചയ്ക്കും അധികാരത്തിനും ശക്തിക്കും നീക്കം വരുത്തീട്ടു രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും.

25അവന്‍ സകല ശത്രുക്കളെയും കാല്ക്കീഴാക്കുവോളം വാഴേണ്ടതാകുന്നു.

26ഒടുക്കത്തെ ശത്രുവായിട്ടു മരണം നീങ്ങിപ്പോകും.

27സകലത്തെയും അവന്‍റെ കാല്ക്കീഴാക്കിയിരിക്കുന്നു എന്നുണ്ടല്ലോ; സകലവും അവനു കീഴ്പെട്ടിരിക്കുന്നു എന്നു പറഞ്ഞാല്‍ സകലത്തെയും കീഴാക്കിക്കൊടുത്തവന്‍ ഒഴികയത്രേ എന്നു സ്പഷ്ടം.

28എന്നാല്‍ അവനു സകലവും കീഴ്പെട്ടുവന്നശേഷം ദൈവം സകലത്തിലും സകലവും ആകേണ്ടതിനു പുത്രന്‍ താനും സകലവും തനിക്കു കീഴാക്കിക്കൊടുത്തവനു കീഴ്പെട്ടിരിക്കും.

29അല്ല, മരിച്ചവര്‍ക്കുവേണ്ടി സ്നാനം ഏല്ക്കുന്നവര്‍ എന്തു ചെയ്യും? മരിച്ചവര്‍ കേവലം ഉയിര്‍ക്കുന്നില്ലെങ്കില്‍ അവര്‍ക്കുവേണ്ടി സ്നാനം ഏല്ക്കുന്നത് എന്തിന്?

30ഞങ്ങളും നാഴികതോറും പ്രാണഭയത്തില്‍ ആകുന്നത് എന്തിന്?

31സഹോദരന്മാരേ, നമ്മുടെ കര്‍ത്താവായ ക്രിസ്തുയേശുവിങ്കല്‍ എനിക്കു നിങ്ങളിലുള്ള പ്രശംസയാണ ഞാന്‍ ദിവസേന മരിക്കുന്നു.

32ഞാന്‍ എഫെസൊസില്‍വച്ചു മൃഗയുദ്ധം ചെയ്തതു വെറും മാനുഷം എന്നുവരികില്‍ എനിക്ക് എന്തു പ്രയോജനം? മരിച്ചവര്‍ ഉയിര്‍ക്കുന്നില്ലെങ്കില്‍ നാം തിന്നുക, കുടിക്ക, നാളെ ചാകുമല്ലോ.

33വഞ്ചിക്കപ്പെടരുത്, “ദുര്‍ഭാഷണത്താല്‍ സദാചാരം കെട്ടുപോകുന്നു.”

34നീതിക്കു നിര്‍മദരായി ഉണരുവിന്‍; പാപം ചെയ്യാതിരിപ്പിന്‍; ചിലര്‍ക്കു ദൈവത്തെക്കുറിച്ചു പരിജ്ഞാനമില്ല; ഞാന്‍ നിങ്ങള്‍ക്കു ലജ്ജയ്ക്കായി പറയുന്നു.

35പക്ഷേ ഒരുവന്‍; മരിച്ചവര്‍ എങ്ങനെ ഉയിര്‍ക്കുന്നു എന്നും ഏതുവിധം ശരീരത്തോടെ വരുന്നു എന്നും ചോദിക്കും.

36മൂഢാ, നീ വിതയ്ക്കുന്നതു ചത്തില്ല എങ്കില്‍ ജീവിക്കുന്നില്ല.

37നീ വിതയ്ക്കുന്നതോ ഉണ്ടാകുവാനുള്ള ശരീരമല്ല, കോതമ്പിന്‍റെയോ മറ്റു വല്ലതിന്‍റെയോ വെറും മണിയത്രേ വിതയ്ക്കുന്നത്;

38ദൈവമോ തന്‍റെ ഇഷ്ടംപോലെ അതിന് ഒരു ശരീരവും ഓരോ വിത്തിന് അതതിന്‍റെ ശരീരവും കൊടുക്കുന്നു.

39സകല മാംസവും ഒരുപോലെയുള്ള മാംസമല്ല; മനുഷ്യരുടെ മാംസം വേറേ, കന്നുകാലികളുടെ മാംസം വേറേ; പക്ഷികളുടെ മാംസം വേറേ, മത്സ്യങ്ങളുടെ മാംസവും വേറേ.

40സ്വര്‍ഗീയശരീരങ്ങളും ഭൗമശരീരങ്ങളും ഉണ്ട്; സ്വര്‍ഗീയശരീരങ്ങളുടെ തേജസ്സു വേറേ, ഭൗമശരീരങ്ങളുടെ തേജസ്സു വേറേ.

41സൂര്യന്‍റെ തേജസ്സു വേറേ, ചന്ദ്രന്‍റെ തേജസ്സു വേറേ, നക്ഷത്രങ്ങളുടെ തേജസ്സു വേറേ; നക്ഷത്രവും നക്ഷത്രവും തമ്മില്‍ തേജസ്സുകൊണ്ടു ഭേദം ഉണ്ടല്ലോ.

42മരിച്ചവരുടെ പുനരുത്ഥാനവും അവ്വണ്ണംതന്നെ. ദ്രവത്വത്തില്‍ വിതയ്ക്കപ്പെടുന്നു, അ ദ്രവത്വത്തില്‍ ഉയിര്‍ക്കുന്നു;

43അപമാനത്തില്‍ വിതയ്ക്കപ്പെടുന്നു, തേജസ്സില്‍ ഉയിര്‍ക്കുന്നു; ബലഹീനതയില്‍ വിതയ്ക്കപ്പെടുന്നു, ശക്തിയില്‍ ഉയിര്‍ക്കുന്നു;

44പ്രാകൃതശരീരം വിതയ്ക്കപ്പെടുന്നു, ആത്മികശരീരം ഉയിര്‍ക്കുന്നു; പ്രാകൃതശരീരം ഉണ്ടെങ്കില്‍ ആത്മികശരീരവും ഉണ്ട്.

45ഒന്നാം മനുഷ്യനായ ആദാം ജീവനുള്ള ദേഹിയായിത്തീര്‍ന്നു എന്ന് എഴുതിയിരിക്കുന്നുവല്ലോ, ഒടുക്കത്തെ ആദാം ജീവിപ്പിക്കുന്ന ആത്മാവായി.

46എന്നാല്‍ ആത്മികമല്ല പ്രാകൃതമത്രേ ഒന്നാമത്തേത്; ആത്മികം പിന്നത്തേതില്‍ വരുന്നു.

47ഒന്നാം മനുഷ്യന്‍ ഭൂമിയില്‍നിന്നു മണ്ണുകൊണ്ടുള്ളവന്‍; രണ്ടാം മനുഷ്യന്‍ സ്വര്‍ഗത്തില്‍നിന്നുള്ളവന്‍.

48മണ്ണുകൊണ്ടുള്ളവനെപ്പോലെ മണ്ണുകൊണ്ടുള്ളവരും സ്വര്‍ഗീയനെപ്പോലെ സ്വര്‍ഗീയന്മാരും ആകുന്നു;

49നാം മണ്ണുകൊണ്ടുള്ളവന്‍റെ പ്രതിമ ധരിച്ചതുപോലെ സ്വര്‍ഗീയന്‍റെ പ്രതിമയും ധരിക്കും.

50സഹോദരന്മാരേ, മാംസരക്തങ്ങള്‍ക്കു ദൈവരാജ്യത്തെ അവകാശമാക്കുവാന്‍ കഴികയില്ല, ദ്രവത്വം അദ്രവത്വത്തെ അവകാശമാക്കുകയുമില്ല എന്നു ഞാന്‍ പറയുന്നു.

51ഞാന്‍ ഒരു മര്‍മം നിങ്ങളോടു പറയാം: നാം എല്ലാവരും നിദ്രകൊള്ളുകയില്ല;

52എന്നാല്‍ അന്ത്യകാഹളനാദത്തിങ്കല്‍ പെട്ടെന്നു കണ്ണിമയ്ക്കുന്നിടയില്‍ നാം എല്ലാവരും രൂപാന്തരപ്പെടും. കാഹളം ധ്വനിക്കും; മരിച്ചവര്‍ അക്ഷയരായി ഉയിര്‍ക്കുകയും നാം രൂപാന്തരപ്പെടുകയും ചെയ്യും.

53ഈ ദ്രവത്വമുള്ളത് അദ്രവത്വത്തെയും ഈ മര്‍ത്യമായത് അമര്‍ത്യത്വത്തെയും ധരിക്കേണം.

54ഈ ദ്രവത്വമുള്ളത് അദ്രവത്വത്തെയും ഈ മര്‍ത്യമായത് അമര്‍ത്യത്വത്തെയും ധരിക്കുമ്പോള്‍ “മരണം നീങ്ങി ജയം വന്നിരിക്കുന്നു” എന്ന് എഴുതിയ വചനം നിവൃത്തിയാകും.

55ഹേ മരണമേ, നിന്‍റെ ജയം എവിടെ? ഹേ മരണമേ,നിന്‍റെ വിഷമുള്ള് എവിടെ?

56മരണത്തിന്‍റെ വിഷമുള്ള് പാപം; പാപത്തിന്‍റെ ശക്തിയോ ന്യായപ്രമാണം.

57നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്കു ജയം നല്കുന്ന ദൈവത്തിനു സ്തോത്രം.

58ആകയാല്‍ എന്‍റെ പ്രിയ സഹോദരന്മാരേ, നിങ്ങള്‍ ഉറപ്പുള്ളവരും കുലുങ്ങാത്തവരും നിങ്ങളുടെ പ്രയത്നം കര്‍ത്താവില്‍ വ്യര്‍ഥമല്ല എന്ന് അറിഞ്ഞിരിക്കയാല്‍ കര്‍ത്താവിന്‍റെ വേലയില്‍ എപ്പോഴും വര്‍ധിച്ചുവരുന്നവരും ആകുവിന്‍.