പുതിയ നിയമംMOV
1സഹോദരന്മാരേ, ആത്മികവരങ്ങളെക്കുറിച്ചു നിങ്ങള്‍ക്ക് അറിവില്ലാതിരിക്കരുത് എന്നു ഞാന്‍ ആഗ്രഹിക്കുന്നു.
2നിങ്ങള്‍ ജാതികള്‍ ആയിരുന്നപ്പോള്‍ നിങ്ങളെ നടത്തിയതുപോലെ ഊമവിഗ്രഹങ്ങളുടെ അടുക്കല്‍ പോക പതിവായിരുന്നു എന്നു നിങ്ങള്‍ അറിയുന്നുവല്ലോ.
3ആകയാല്‍ ദൈവാത്മാവില്‍ സംസാരിക്കുന്നവന്‍ ആരും യേശു ശപിക്കപ്പെട്ടവന്‍ എന്നു പറകയില്ല; പരിശുദ്ധാത്മാവില്‍ അല്ലാതെ യേശു കര്‍ത്താവ് എന്നു പറയുവാന്‍ ആര്‍ക്കും കഴികയില്ല എന്നു ഞാന്‍ നിങ്ങളെ ഗ്രഹിപ്പിക്കുന്നു.
4എന്നാല്‍ കൃപാവരങ്ങളില്‍ വ്യത്യാസം ഉണ്ട്; ആത്മാവ് ഒന്നത്രേ.
5ശുശ്രൂഷകളില്‍ വ്യത്യാസം ഉണ്ട് ; കര്‍ത്താവ് ഒരുവന്‍.
6വീര്യപ്രവൃത്തികളില്‍ വ്യത്യാസം ഉണ്ട്; എങ്കിലും എല്ലാവരിലും എല്ലാം പ്രവര്‍ത്തിക്കുന്ന ദൈവം ഒരുവന്‍തന്നെ.
7എന്നാല്‍ ഓരോരുത്തന് ആത്മാവിന്‍റെ പ്രകാശനം പൊതുപ്രയോജനത്തിനായി നല്കപ്പെടുന്നു.
8ഒരുത്തന് ആത്മാവിനാല്‍ ജ്ഞാനത്തിന്‍റെ വചനവും മറ്റൊരുത്തന് അതേ ആത്മാവിനാല്‍ പരിജ്ഞാനത്തിന്‍റെ വചനവും നല്കപ്പെടുന്നു;
9വേറൊരുത്തന് അതേ ആത്മാവിനാല്‍ വിശ്വാസം, മറ്റൊരുവന് അതേ ആത്മാവിനാല്‍ രോഗശാന്തികളുടെ വരം;
10മറ്റൊരുവന് വീര്യപ്രവൃത്തികള്‍; മറ്റൊരുവനു പ്രവചനം; മറ്റൊരുവന് ആത്മാക്കളുടെ വിവേചനം; വേറൊരുവനു പലവിധ ഭാഷകള്‍; മറ്റൊരുവനു ഭാഷകളുടെ വ്യാഖ്യാനം.
11എന്നാല്‍ ഇത് എല്ലാം പ്രവര്‍ത്തിക്കുന്നതു താന്‍ ഇച്ഛിക്കുംപോലെ അവനവന് അതതു വരം പകുത്തുകൊടുക്കുന്ന ഒരേ ആത്മാവുതന്നെ.
12ശരീരം ഒന്നും, അതിന് അവയവം പലതും ശരീരത്തിന്‍റെ അവയവം പലതായിരിക്കെ എല്ലാം ഒരു ശരീരവും ആയിരിക്കുന്നതുപോലെ ആകുന്നു ക്രിസ്തുവും.
13യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറ് ഒരേ ആത്മാവില്‍ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനം ചെയ്തുമിരിക്കുന്നു.
14ശരീരം ഒരു അവയവമല്ല പലതത്രേ.
15ഞാന്‍ കൈ അല്ലായ്കകൊണ്ടു ശരീരത്തിലുള്ളതല്ല എന്നു കാല്‍ പറയുന്നു എങ്കില്‍ അതിനാല്‍ അതു ശരീരത്തിലുള്ളതല്ല എന്നു വരികയില്ല.
16ഞാന്‍ കണ്ണ് അല്ലായ്കകൊണ്ടു ശരീരത്തിലുള്ളതല്ല എന്നു ചെവി പറയുന്നു എങ്കില്‍ അതിനാല്‍ അതു ശരീരത്തിലുള്ളതല്ല എന്നും വരികയില്ല.
17ശരീരം മുഴുവന്‍ കണ്ണായാല്‍ ശ്രവണം എവിടെ? മുഴുവന്‍ ശ്രവണം ആയാല്‍ ഘ്രാണം എവിടെ?
18ദൈവമോ തന്‍റെ ഇഷ്ടപ്രകാരം അവയവങ്ങളെ ശരീരത്തില്‍ വെവ്വേറായി വച്ചിരിക്കുന്നു.
19സകലവും ഒരു അവയവം എങ്കില്‍ ശരീരം എവിടെ?
20എന്നാല്‍ അവയവങ്ങള്‍ പലതെങ്കിലും ശരീരം ഒന്നുതന്നെ.
21കണ്ണിനു കൈയോട്: നിന്നെക്കൊണ്ട് എനിക്ക് ആവശ്യമില്ല എന്നും, തലയ്ക്കു കാലുകളോട്: നിങ്ങളെക്കൊണ്ട് എനിക്ക് ആവശ്യമില്ല എന്നും പറഞ്ഞുകൂടാ.
22ശരീരത്തില്‍ ബലം കുറഞ്ഞവ എന്നു തോന്നുന്ന അവയവങ്ങള്‍തന്നെ ആവശ്യമുള്ളവയാകുന്നു.
23ശരീരത്തില്‍ മാനം കുറഞ്ഞവ എന്നു തോന്നുന്നവയ്ക്കു നാം അധികം മാനം അണിയിക്കുന്നു;
24നമ്മില്‍ അഴകു കുറഞ്ഞവയ്ക്ക് അധികം അഴകു വരുത്തുന്നു; നമ്മില്‍ അഴകുള്ള അവയവങ്ങള്‍ക്ക് അത് ആവശ്യമില്ലല്ലോ.
25ശരീരത്തില്‍ ഭിന്നത വരാതെ അവയവങ്ങള്‍ അന്യോന്യം ഒരുപോലെ കരുതേണ്ടതിനായി ദൈവം കുറവുള്ളതിന് അധികം മാനം കൊടുത്തുകൊണ്ടു ശരീരത്തെ കൂട്ടിച്ചേര്‍ത്തിരിക്കുന്നു.
26അതിനാല്‍ ഒരു അവയവം കഷ്ടം അനുഭവിക്കുന്നു എങ്കില്‍ അവയവങ്ങള്‍ ഒക്കെയും കൂടെ കഷ്ടം അനുഭവിക്കുന്നു; ഒരു അവയവത്തിനു മാനം വന്നാല്‍ അവയവങ്ങളൊക്കെയുംകൂടെ സന്തോഷിക്കുന്നു.
27എന്നാല്‍ നിങ്ങള്‍ ക്രിസ്തുവിന്‍റെ ശരീരവും ഓരോരുത്തന്‍ വെവ്വേറായി അവയവങ്ങളും ആകുന്നു.
28ദൈവം സഭയില്‍ ഒന്നാമത് അപ്പൊസ്തലന്മാര്‍, രണ്ടാമതു പ്രവാചകന്മാര്‍, മൂന്നാമത് ഉപദേഷ്ടാക്കന്മാര്‍ ഇങ്ങനെ ഓരോരുത്തരെ നിയമിക്കയും പിന്നെ വീര്യപ്രവൃത്തികള്‍, രോഗശാന്തികളുടെ വരം, സഹായം ചെയ്‍വാനുള്ള വരം, പരിപാലനവരം, വിവിധ ഭാഷാവരം എന്നിവ നല്കുകയും ചെയ്തു.
29എല്ലാവരും അപ്പൊസ്തലന്മാരോ? എല്ലാവരും പ്രവാചകന്മാരോ? എല്ലാവരും ഉപദേഷ്ടാക്കന്മാരോ? എല്ലാവരും വീര്യപ്രവൃത്തികള്‍ ചെയ്യുന്നവരോ?
30എല്ലാവര്‍ക്കും രോഗശാന്തിക്കുള്ള വരം ഉണ്ടോ? എല്ലാവരും അന്യഭാഷകളില്‍ സംസാരിക്കുന്നുവോ?
31എല്ലാവരും വ്യാഖ്യാനിക്കുന്നുവോ? ശ്രേഷ്ഠവരങ്ങളെ വാഞ്ഛിപ്പിന്‍; ഇനി അതിശ്രേഷ്ഠമായൊരു മാര്‍ഗം ഞാന്‍ നിങ്ങള്‍ക്കു കാണിച്ചുതരാം.