പുതിയ നിയമംMOV

1 കൊരിന്ത്യര്‍ 11

1ഞാന്‍ ക്രിസ്തുവിന്‍റെ അനുകാരിയായിരിക്കുന്നതുപോലെ നിങ്ങളും എന്‍റെ അനുകാരികള്‍ ആകുവിന്‍.

2നിങ്ങള്‍ സകലത്തിലും എന്നെ ഓര്‍ക്കുകയും ഞാന്‍ നിങ്ങളെ ഏല്പിച്ച കല്പനകളെ പ്രമാണിക്കയും ചെയ്കയാല്‍ നിങ്ങളെ പുകഴ്ത്തുന്നു.

3എന്നാല്‍ ഏതു പുരുഷന്‍റെയും തല ക്രിസ്തു, സ്ത്രീയുടെ തല പുരുഷന്‍, ക്രിസ്തുവിന്‍റെ തല ദൈവം എന്നുനിങ്ങള്‍ അറിയേണം എന്നു ഞാന്‍ ആഗ്രഹിക്കുന്നു.

4മൂടുപടം ഇട്ടു പ്രാര്‍ഥിക്കുകയോ പ്രവചിക്കയോ ചെയ്യുന്ന ഏതു പുരുഷനും തന്‍റെ തലയെ അപമാനിക്കുന്നു.

5മൂടുപടമില്ലാതെ പ്രാര്‍ഥിക്കുകയോ പ്രവചിക്കയോ ചെയ്യുന്ന ഏതു സ്ത്രീയും തന്‍റെ തലയെ അപമാനിക്കുന്നു; അത് അവള്‍ ക്ഷൗരം ചെയ്യിച്ചതുപോലെയല്ലോ.

6സ്ത്രീ മൂടുപടമിടുന്നില്ലെങ്കില്‍ മുടി കത്രിച്ചുകളയട്ടെ. കത്രിക്കുന്നതോ ക്ഷൗരം ചെയ്യിക്കുന്നതോ സ്ത്രീക്കു ലജ്ജയെങ്കില്‍ മൂടുപടം ഇട്ടുകൊള്ളട്ടെ.

7പുരുഷന്‍ ദൈവത്തിന്‍റെ പ്രതിമയും തേജസ്സും ആകയാല്‍ മൂടുപടം ഇടേണ്ടതല്ല. സ്ത്രീയോ പുരുഷന്‍റെ തേജസ്സ് ആകുന്നു.

8പുരുഷന്‍ സ്ത്രീയില്‍ നിന്നല്ലല്ലോ സ്ത്രീ പുരുഷനില്‍ നിന്നത്രേ ഉണ്ടായത്.

9പുരുഷന്‍ സ്ത്രീക്കായിട്ടല്ല സ്ത്രീ പുരുഷനായിട്ടല്ലോ സൃഷ്ടിക്കപ്പെട്ടത്.

10ആകയാല്‍ സ്ത്രീക്കു ദൂതന്മാര്‍ നിമിത്തം തലമേല്‍ അധീനതാലക്ഷ്യം ഉണ്ടായിരിക്കേണം.

11എന്നാല്‍ കര്‍ത്താവില്‍ പുരുഷനെ കൂടാതെ സ്ത്രീയുമില്ല സ്ത്രീയെ കൂടാതെ പുരുഷനുമില്ല.

12സ്ത്രീ പുരുഷനില്‍നിന്ന് ഉണ്ടായതുപോലെ പുരുഷനും സ്ത്രീ മുഖാന്തരം ഉളവാകുന്നു; എന്നാല്‍ സകലത്തിനും ദൈവം കാരണഭൂതന്‍.

13നിങ്ങള്‍തന്നെ വിധിപ്പിന്‍; സ്ത്രീ മൂടുപടം ഇടാതെ ദൈവത്തോടു പ്രാര്‍ഥിക്കുന്നതു യോഗ്യമോ?

14പുരുഷന്‍ മുടി നീട്ടിയാല്‍ അത് അവന് അപമാനം എന്നും

15സ്ത്രീ മുടി നീട്ടിയാലോ അതു മൂടുപടത്തിനു പകരം നല്കിയിരിക്കകൊണ്ട് അവള്‍ക്ക് മാനം ആകുന്നു എന്നും പ്രകൃതിതന്നെ നിങ്ങളെ പഠിപ്പിക്കുന്നില്ലയോ?

16ഒരുത്തന്‍ തര്‍ക്കിപ്പാന്‍ ഭാവിച്ചാല്‍ അങ്ങനെയുള്ള മര്യാദ ഞങ്ങള്‍ക്കില്ല ദൈവസഭകള്‍ക്കുമില്ല എന്ന് ഓര്‍ക്കട്ടെ.

17ഇനി ആജ്ഞാപിപ്പാന്‍ പോകുന്നതില്‍ ഞാന്‍ നിങ്ങളെ പുകഴ്ത്തുന്നില്ല; നിങ്ങള്‍ കൂടി വരുന്നതിനാല്‍ നന്മയ്ക്കല്ല തിന്മയ്ക്കത്രേ ഇടയാകുന്നത്.

18ഒന്നാമതു നിങ്ങള്‍ സഭ കൂടുമ്പോള്‍ നിങ്ങളുടെ ഇടയില്‍ ഭിന്നത ഉണ്ടെന്നു ഞാന്‍ കേള്‍ക്കുന്നു; ഏതാനും വിശ്വസിക്കയും ചെയ്യുന്നു.

19നിങ്ങളില്‍ കൊള്ളാകുന്നവര്‍ വെളിവാകേണ്ടതിനു നിങ്ങളുടെ ഇടയില്‍ ഭിന്നപക്ഷങ്ങളും ഉണ്ടാകേണ്ടതു തന്നെ.

20നിങ്ങള്‍ കൂടിവരുമ്പോള്‍ കര്‍ത്താവിന്‍റെ അത്താഴമല്ല കഴിക്കുന്നത്.

21ഭക്ഷണം കഴിക്കയില്‍ ഓരോരുത്തന്‍ താന്താന്‍റെ അത്താഴം മുമ്പേ കഴിക്കുന്നു. അങ്ങനെ ഒരുവന്‍ വിശന്നും മറ്റൊരുവന്‍ ലഹരി പിടിച്ചും ഇരിക്കുന്നു.

22തിന്നുവാനും കുടിപ്പാനും നിങ്ങള്‍ക്കു വീടുകള്‍ ഇല്ലയോ? അല്ല, ദൈവത്തിന്‍റെ സഭയെ നിങ്ങള്‍ തുച്ഛീകരിച്ച്, ഇല്ലാത്തവരെ ലജ്ജിപ്പിക്കുന്നുവോ? നിങ്ങളോട് എന്തു പറയേണ്ടൂ? നിങ്ങളെ പുകഴ്ത്തുകയോ? ഇതില്‍ ഞാന്‍ നിങ്ങളെ പുകഴ്ത്തുന്നില്ല.

23ഞാന്‍ കര്‍ത്താവിങ്കല്‍നിന്നു പ്രാപിക്കയും നിങ്ങള്‍ക്ക് ഏല്പിക്കയും ചെയ്തത് എന്തെന്നാല്‍: കര്‍ത്താവായ യേശുവിനെ കാണിച്ചുകൊടുത്ത രാത്രിയില്‍

24അവന്‍ അപ്പം എടുത്തു സ്തോത്രം ചൊല്ലിനുറുക്കി: ഇതു നിങ്ങള്‍ക്കുവേണ്ടിയുള്ള എന്‍റെ ശരീരം; എന്‍റെ ഓര്‍മയ്ക്കായി ഇതു ചെയ്‍വിന്‍ എന്നു പറഞ്ഞു.

25അവ്വണ്ണംതന്നെ അത്താഴം കഴിഞ്ഞശേഷം അവന്‍ പാനപാത്രവും എടുത്തു; ഈ പാനപാത്രം എന്‍റെ രക്തത്തില്‍ പുതിയനിയമം ആകുന്നു; ഇതു കുടിക്കുമ്പോഴൊക്കെയും എന്‍റെ ഓര്‍മയ്ക്കായി ചെയ്‍വിന്‍ എന്നു പറഞ്ഞു.

26അങ്ങനെ നിങ്ങള്‍ ഈ അപ്പം തിന്നുകയും പാനപാത്രം കുടിക്കയും ചെയ്യുമ്പോഴൊക്കെയും കര്‍ത്താവു വരുവോളം അവന്‍റെ മരണത്തെ പ്രസ്താവിക്കുന്നു.

27അതുകൊണ്ട് അയോഗ്യമായി അപ്പം തിന്നുകയോ കര്‍ത്താവിന്‍റെ പാനപാത്രം കുടിക്കയോ ചെയ്യുന്നവന്‍ എല്ലാം കര്‍ത്താവിന്‍റെ ശരീരവും രക്തവും സംബന്ധിച്ചു കുറ്റക്കാരന്‍ ആകും.

28മനുഷ്യന്‍ തന്നെത്താന്‍ ശോധന ചെയ്തിട്ടുവേണം ഈ അപ്പം തിന്നുകയും പാനപാത്രത്തില്‍നിന്നു കുടിക്കയും ചെയ്‍വാന്‍.

29തിന്നുകയും കുടിക്കയും ചെയ്യുന്നവന്‍ ശരീരത്തെ വിവേചിക്കാഞ്ഞാല്‍ തനിക്കു ശിക്ഷാവിധി തിന്നുകയും കുടിക്കയും ചെയ്യുന്നു.

30ഇതു ഹേതുവായി നിങ്ങളില്‍ പലരും ബലഹീനരും രോഗികളും ആകുന്നു; അനേകരും നിദ്രകൊള്ളുന്നു.

31നാം നമ്മെത്തന്നെ വിധിച്ചാല്‍ വിധിക്കപ്പെടുകയില്ല.

32വിധിക്കപ്പെടുന്നു എങ്കിലോ നാം ലോകത്തോടുകൂടെ ശിക്ഷാവിധിയില്‍ അകപ്പെടാതിരിക്കേണ്ടതിനു കര്‍ത്താവു നമ്മെ ബാലശിക്ഷ കഴിക്കയാകുന്നു.

33ആകയാല്‍ സഹോദരന്മാരേ, നിങ്ങള്‍ ഭക്ഷണം കഴിപ്പാന്‍ കൂടുമ്പോള്‍ അന്യോന്യം കാത്തിരിപ്പിന്‍.

34വല്ലവനും വിശക്കുന്നുവെങ്കില്‍ നിങ്ങള്‍ ഒരുമിച്ച് കൂടുന്നത് ന്യായവിധിക്കു ഹേതുവാകാതിരിക്കേണ്ടതിന് അവന്‍ വീട്ടില്‍വച്ചു ഭക്ഷണം കഴിക്കട്ടെ. ശേഷം കാര്യങ്ങളെ ഞാന്‍ വന്നിട്ടു ക്രമപ്പെടുത്തും.