പഴയ നിയമംMOV
1അനന്തരം സാത്താന്‍ യിസ്രായേലിനു വിരോധമായി എഴുന്നേറ്റു യിസ്രായേലിനെ എണ്ണുവാന്‍ ദാവീദിനു തോന്നിച്ചു.
2ദാവീദു യോവാബിനോടും ജനത്തിന്‍റെ പ്രഭുക്കന്മാരോടും: നിങ്ങള്‍ ചെന്നു ബേര്‍-ശേബ മുതൽ ദാന്‍വരെ യിസ്രായേലിനെ എണ്ണി അവരുടെ സംഖ്യ ഞാന്‍ അറിയേണ്ടതിനു കൊണ്ടുവരുവിന്‍ എന്നു പറഞ്ഞു.
3അതിനു യോവാബ്: യഹോവ തന്‍റെ ജനത്തെ ഉള്ളതിൽ നൂറിരട്ടിയായി വര്‍ധിപ്പിക്കട്ടെ; എങ്കിലും എന്‍റെ യജമാനനായ രാജാവേ, അവരൊക്കെയും യജമാനന്‍റെ ദാസന്മാരല്ലയോ? യജമാനന്‍ ഈ കാര്യം അന്വേഷിക്കുന്നത് എന്ത്? യിസ്രായേലിനു കുറ്റത്തിന്‍റെ കാരണമായിത്തീരുന്നത് എന്തിന് എന്നു പറഞ്ഞു.
4എന്നാൽ യോവാബ് രാജാവിന്‍റെ കല്പന അനുസരിക്കേണ്ടിവന്നു. അതുകൊണ്ടു യോവാബ് പുറപ്പെട്ട് എല്ലാ യിസ്രായേലിലും കൂടി സഞ്ചരിച്ചു യെരൂശലേമിലേക്കു മടങ്ങിവന്നു.
5യോവാബ് ജനത്തെ എണ്ണിയ സംഖ്യ ദാവീദിനു കൊടുത്തു: യിസ്രായേലിൽ ആയുധപാണികള്‍ എല്ലാം കൂടി പതിനൊന്നുലക്ഷം പേര്‍. യെഹൂദായിൽ ആയുധപാണികള്‍ നാലുലക്ഷത്തെഴുപതിനായിരം പേര്‍.
6എന്നാൽ രാജാവിന്‍റെ കല്പന യോവാബിനു വെറുപ്പായിരുന്നതുകൊണ്ട് അവന്‍ ലേവിയെയും ബെന്യാമീനെയും അവരുടെ കൂട്ടത്തിൽ എണ്ണിയില്ല.
7ദൈവത്തിന് ഈ കാര്യം അനിഷ്ടമായിരുന്നതുകൊണ്ട് അവന്‍ യിസ്രായേലിനെ ബാധിച്ചു.
8അപ്പോള്‍ ദാവീദ് ദൈവത്തോട്: ഈ കാര്യം ചെയ്തതിനാൽ ഞാന്‍ മഹാപാപം ചെയ്തിരിക്കുന്നു: എന്നാൽ അടിയന്‍റെ അകൃത്യം ക്ഷമിക്കേണമേ; ഞാന്‍ വലിയ ഭോഷത്തം ചെയ്തുപോയി എന്നു പറഞ്ഞു.
9യഹോവ ദാവീദിന്‍റെ ദര്‍ശകനായ ഗാദിനോട് അരുളിച്ചെയ്തതെന്തെന്നാൽ:
10നീ ചെന്നു ദാവീദിനോട്, ഞാന്‍ മൂന്നു കാര്യം നിന്‍റെ മുമ്പിൽ വയ്ക്കുന്നു; അവയിൽ ഒന്നു തിരഞ്ഞെടുത്തുകൊള്‍ക; അതു ഞാന്‍ നിന്നോടു ചെയ്യും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറക.
11അങ്ങനെ ഗാദ് ദാവീദിന്‍റെ അടുക്കൽ ചെന്ന് അവനോട്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
12മൂന്നു സംവത്സരത്തെ ക്ഷാമമോ, നിന്‍റെ ശത്രുക്കളുടെ വാള്‍ നിന്നെ തുടര്‍ന്നെത്തി നീ മൂന്നു മാസം നിന്‍റെ ശത്രുക്കളാൽ നശിക്കയോ, ദേശത്തു മൂന്നു ദിവസം യഹോവയുടെ വാളായ മഹാമാരി ഉണ്ടായി യിസ്രായേൽദേശത്തൊക്കെയും യഹോവയുടെ ദൂതന്‍ സംഹാരം ചെയ്കയോ ഇവയിൽ ഒന്നു തിരഞ്ഞെടുത്തുകൊള്‍ക. എന്നെ അയച്ചവനോടു ഞാന്‍ എന്തൊരു മറുപടി പറയേണ്ടൂ എന്ന് ആലോചിച്ചുനോക്കുക എന്നു പറഞ്ഞു.
13ദാവീദ് ഗാദിനോട്: ഞാന്‍ വലിയ വിഷമത്തിലായിരിക്കുന്നു; ഞാന്‍ ഇപ്പോള്‍ യഹോവയുടെ കൈയിൽതന്നെ വീഴട്ടെ; അവന്‍റെ കരുണ ഏറ്റവും വലിയതല്ലോ; മനുഷ്യന്‍റെ കൈയിൽ ഞാന്‍ വീഴരുതേ എന്നു പറഞ്ഞു.
14അങ്ങനെ യഹോവ യിസ്രായേലിൽ മഹാമാരി അയച്ചു; യിസ്രായേലിൽ എഴുപതിനായിരം പേര്‍ വീണുപോയി.
15ദൈവം യെരൂശലേമിനെ നശിപ്പിക്കേണ്ടതിന് ഒരു ദൂതനെ അവിടെ അയച്ചു; അവന്‍ നശിപ്പിപ്പാന്‍ ഭാവിക്കുമ്പോള്‍ യഹോവ കണ്ട് ആ അനര്‍ഥത്തെക്കുറിച്ച് അനുതപിച്ചു നാശകദൂതനോട്: മതി, നിന്‍റെ കൈ പിന്‍വലിക്ക എന്നു കല്പിച്ചു. യഹോവയുടെ ദൂതന്‍ യെബൂസ്യനായ ഒര്‍ന്നാന്‍റെ കളത്തിനരികെ നില്ക്കയായിരുന്നു.
16ദാവീദ് തല പൊക്കി, യഹോവയുടെ ദൂതന്‍ വാള്‍ ഊരി യെരൂശലേമിനു മീതെ നീട്ടിപ്പിടിച്ചുംകൊണ്ടു ഭൂമിക്കും ആകാശത്തിനും മധ്യേ നില്ക്കുന്നതു കണ്ട് ദാവീദും മൂപ്പന്മാരും രട്ടുടുത്തു സാഷ്ടാംഗം വീണു.
17ദാവീദ് ദൈവത്തോട്: ജനത്തെ എണ്ണുവാന്‍ പറഞ്ഞവന്‍ ഞാനല്ലയോ? ദോഷം ചെയ്ത പാപി ഞാന്‍ ആകുന്നു; ഈ ആടുകള്‍ എന്തു ചെയ്തിരിക്കുന്നു? യഹോവേ, എന്‍റെ ദൈവമേ, നിന്‍റെ കൈ ബാധയ്ക്കായിട്ടു നിന്‍റെ ജനത്തിന്മേൽ അല്ല, എന്‍റെമേലും എന്‍റെ പിതൃഭവനത്തിന്മേലും ഇരിക്കട്ടെ എന്നു പറഞ്ഞു.
18അപ്പോള്‍ യഹോവയുടെ ദൂതന്‍ ഗാദിനോട് ദാവീദ് ചെന്നു യെബൂസ്യനായ ഒര്‍ന്നാന്‍റെ കളത്തിൽ യഹോവയ്ക്ക് ഒരു യാഗപീഠം പണിയേണമെന്നു ദാവീദിനോടു പറവാന്‍ കല്പിച്ചു.
19യഹോവയുടെ നാമത്തിൽ ഗാദ് പറഞ്ഞ വചനപ്രകാരം ദാവീദ് ചെന്നു.
20ഒര്‍ന്നാന്‍ തിരിഞ്ഞു ദൂതനെ കണ്ടു തന്‍റെ നാലു പുത്രന്മാരുമായി ഒളിച്ചു. ഒര്‍ന്നാന്‍ കോതമ്പു മെതിച്ചുകൊണ്ടിരിക്കയായിരുന്നു.
21ദാവീദ് ഒര്‍ന്നാന്‍റെ അടുക്കൽ വന്നപ്പോള്‍ ഒര്‍ന്നാന്‍ നോക്കി ദാവീദിനെ കണ്ടു കളത്തിൽനിന്നു പുറത്തുചെന്നു ദാവീദിന്‍റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു.
22ദാവീദ് ഒര്‍ന്നാനോട്: ഈ കളത്തിന്‍റെ സ്ഥലത്തു ഞാന്‍ യഹോവയ്ക്ക് ഒരു യാഗപീഠം പണിയേണ്ടതിന് അത് എനിക്കു തരേണം; ബാധ ജനത്തെ വിട്ടുമാറേണ്ടതിനു നീ അതു മുഴുവിലയ്ക്ക് എനിക്കു തരേണം എന്നു പറഞ്ഞു.
23അതിന് ഒര്‍ന്നാന്‍ ദാവീദിനോട്: അത് എടുത്തുകൊള്‍ക; യജമാനനായ രാജാവിന്‍റെ പ്രസാദംപോലെ ചെയ്തുകൊണ്ടാലും; ഇതാ ഞാന്‍ ഹോമയാഗത്തിനു കാളകളെയും വിറകിനു മെതിവണ്ടികളെയും ഭോജനയാഗത്തിനു കോതമ്പിനെയും തരുന്നു; എല്ലാം ഞാന്‍ തരുന്നു എന്നു പറഞ്ഞു.
24ദാവീദുരാജാവ് ഒര്‍ന്നാനോട്: അങ്ങനെ അല്ല; ഞാന്‍ മുഴുവിലയ്ക്കേ അതു വാങ്ങുകയുള്ളൂ; നിനക്കുള്ളതു ഞാന്‍ യഹോവയ്ക്കായിട്ട് എടുക്കയില്ല; ചെലവു കൂടാതെ ഹോമയാഗം കഴിക്കയും ഇല്ല എന്നു പറഞ്ഞു.
25അങ്ങനെ ദാവീദ് ആ സ്ഥലത്തിന് അറുനൂറ് ശേക്കെൽ പൊന്ന് ഒര്‍ന്നാനു കൊടുത്തു.
26ദാവീദ് അവിടെ യഹോവയ്ക്ക് ഒരു യാഗപീഠം പണിതു; ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിച്ചു യഹോവയോടു പ്രാര്‍ഥിച്ചു; അവന്‍ ആകാശത്തിൽനിന്നു ഹോമപീഠത്തിന്മേൽ തീ ഇറക്കി അവന് ഉത്തരം അരുളി.
27യഹോവ ദൂതനോടു കല്പിച്ചു; അവന്‍ തന്‍റെ വാള്‍ വീണ്ടും ഉറയിൽ ഇട്ടു.
28ആ കാലത്ത് യെബൂസ്യനായ ഒര്‍ന്നാന്‍റെ കളത്തിൽവച്ചു യഹോവ തന്‍റെ പ്രാര്‍ഥനയ്ക്ക് ഉത്തരമരുളി എന്നു ദാവീദ് കണ്ടിട്ട് അവിടെ യാഗം കഴിച്ചു.
29മോശെ മരുഭൂമിയിൽവച്ച് ഉണ്ടാക്കിയിരുന്ന യഹോവയുടെ തിരുനിവാസവും ഹോമപീഠവും അന്ന് ഗിബെയോനിലെ പൂജാഗിരിയിൽ ആയിരുന്നു.
30യഹോവയുടെ ദൂതന്‍റെ വാളിനെ പേടിച്ചതുകൊണ്ടു ദൈവത്തോട് അരുളപ്പാടു ചോദിക്കേണ്ടതിന് അവിടെ ചെല്ലുവാന്‍ ദാവീദിനു കഴിഞ്ഞില്ല.