പഴയ നിയമംMOV

1 ദിനവൃത്താന്തം 14

1സോര്‍രാജാവായ ഹീരാം, ദാവീദിന്‍റെ അടുക്കൽ ദൂതന്മാരെയും അവന് ഒരു അരമന പണിയേണ്ടതിനു ദേവദാരുക്കളെയും കല്പണിക്കാരെയും ആശാരിമാരെയും അയച്ചു.

2യഹോവയുടെ ജനമായ യിസ്രായേൽ നിമിത്തം തന്‍റെ രാജത്വം ഉന്നതി പ്രാപിച്ചതിനാൽ തന്നെ യഹോവ യിസ്രായേലിനു രാജാവായി സ്ഥിരപ്പെടുത്തി എന്നു ദാവീദിനു മനസ്സിലായി.

3ദാവീദ് യെരൂശലേമിൽവച്ചു വേറേയും ഭാര്യമാരെ പരിഗ്രഹിച്ചു, വളരെ പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.

4യെരൂശലേമിൽ വച്ച് അവനു ജനിച്ച മക്കളുടെ പേരുകളാവിത്: ശമ്മൂവ, ശോബാബ്, നാഥാന്‍, ശലോമോന്‍,

5യിബ്ഹാര്‍, എലീശൂവ, എൽപേലെത്ത്,

6നോഗഹ്, നേഫെഗ്, യാഫീയ,

7എലീശാമാ, ബെല്യാദാ, എലീഫേലെത്ത്.

8ദാവീദ് എല്ലാ യിസ്രായേലിനും രാജാവായി അഭിഷേകം കഴിഞ്ഞു എന്നു ഫെലിസ്ത്യര്‍ കേട്ടപ്പോള്‍, ഫെലിസ്ത്യരൊക്കെയും ദാവീദിനെ പിടിപ്പാന്‍ ചെന്നു; ദാവീദ് അതു കേട്ട് അവരുടെ മുമ്പിൽനിന്ന് ഒഴിഞ്ഞുപോയി.

9ഫെലിസ്ത്യര്‍ വന്നു രെഫായീംതാഴ്വരയിൽ പരന്നു.

10അപ്പോള്‍ ദാവീദ് ദൈവത്തോട്: ഞാന്‍ ഫെലിസ്ത്യരുടെ നേരേ പുറപ്പെടേണമോ? അവരെ എന്‍റെ കൈയിൽ ഏല്പിച്ചുതരുമോ എന്നു ചോദിച്ചു. യഹോവ അവനോട്: പുറപ്പെടുക; ഞാന്‍ അവരെ നിന്‍റെ കൈയിൽ ഏല്പിക്കും എന്ന് അരുളിച്ചെയ്തു.

11അങ്ങനെ അവര്‍ ബാൽപെരാസീമിൽ ചെന്നു; അവിടെവച്ച് ദാവീദ് അവരെ തോല്പിച്ചു: വെള്ളച്ചാട്ടംപോലെ ദൈവം എന്‍റെ ശത്രുക്കളെ എന്‍റെ കൈയാൽ തകര്‍ത്തുകളഞ്ഞു എന്നു ദാവീദ് പറഞ്ഞു; അതുകൊണ്ട് ആ സ്ഥലത്തിനു ബാൽ-പെരാസീം എന്നു പേര്‍ പറഞ്ഞുവരുന്നു.

12എന്നാൽ അവര്‍ തങ്ങളുടെ ദേവന്മാരെ അവിടെ വിട്ടേച്ചുപോയി; അവയെ തീയിലിട്ടു ചുട്ടുകളവാന്‍ ദാവീദു കല്പിച്ചു.

13ഫെലിസ്ത്യര്‍ പിന്നെയും താഴ്വരയിൽ വന്നു പരന്നു.

14ദാവീദ് പിന്നെയും ദൈവത്തോട് അരുളപ്പാടു ചോദിച്ചപ്പോള്‍ ദൈവം അവനോട്: അവരുടെ പിന്നാലെ ചെല്ലാതെ അവരെ വിട്ടുതിരിഞ്ഞു ബാഖാവൃക്ഷങ്ങള്‍ക്കെതിരേ അവരുടെ നേരേ ചെല്ലുക.

15ബാഖാവൃക്ഷങ്ങളുടെ അഗ്രങ്ങളിൽക്കൂടി അണിയണിയായി നടക്കുന്ന ഒച്ച കേട്ടാൽ നീ പടയ്ക്കു പുറപ്പെടുക; ഫെലിസ്ത്യരുടെ സൈന്യത്തെ തോല്പിപ്പാന്‍ ദൈവം നിനക്കു മുമ്പായി പുറപ്പെട്ടിരിക്കുന്നു എന്ന് അരുളിച്ചെയ്തു.

16ദൈവം കല്പിച്ചതുപോലെ ദാവീദു ചെയ്തു; അവര്‍ ഗിബെയോന്‍മുതൽ ഗേസെര്‍വരെ ഫെലിസ്ത്യസൈന്യത്തെ തോല്പിച്ചു.

17ദാവീദിന്‍റെ കീര്‍ത്തി സകല ദേശങ്ങളിലും പരക്കയും യഹോവ അവനെയുള്ള ഭയം സര്‍വജാതികള്‍ക്കും വരുത്തുകയും ചെയ്തു.