പഴയ നിയമംMOV
1കീശിന്‍റെ മകനായ ശൗലിന്‍റെ നിമിത്തം ദാവീദ് ഒളിച്ചുപാര്‍ത്തിരുന്നപ്പോള്‍ സിക്ലാഗിൽ അവന്‍റെ അടുക്കൽ വന്നവര്‍ ആവിത്- അവര്‍ വീരന്മാരുടെ കൂട്ടത്തിൽ അവനു യുദ്ധത്തിൽ തുണചെയ്തു;
2അവര്‍ വില്ലാളികളും വലംകൈകൊണ്ടും ഇടംകൈകൊണ്ടും കല്ലെറിവാനും വില്ലുകൊണ്ട് അമ്പെയ്‍വാനും സമര്‍ഥന്മാരുമായിരുന്നു:- ബെന്യാമീന്യരായ ശൗലിന്‍റെ സഹോദരന്മാരുടെ കൂട്ടത്തിൽ തലവനായ അഹീയേസെര്‍, യോവാശ്,
3ഗിബേയാത്യനായ ശെമായയുടെ പുത്രന്മാര്‍, അസ്മാവെത്തിന്‍റെ പുത്രന്മാര്‍, യസീയേൽ, പേലെത്ത്, ബെരാഖാ, അനാഥോത്യന്‍ യേഹൂ.
4മുപ്പതു പേരിൽ വീരനും മുപ്പതു പേര്‍ക്കു നായകനുമായി ഗിബെയോന്യനായ യിശ്മയ്യാവു, യിരെമ്യാവ്, യഹസീയേൽ, യോഹാനാന്‍, ഗെദേരാത്യനായ യോസാബാദ്,
5എലൂസായി, യെരീമോത്ത്, ബെയല്യാവ്, ശെമര്യാവ്, ഹരൂഫ്യനായ ശെഫത്യാവ്,
6എല്ക്കാനാ, യിശ്ശീയാവ്, അസരേൽ, കോരഹ്യരായ യോവേസെര്‍, യാശൊബ്യാം;
7ഗെദോരിൽനിന്നുള്ള യെരോഹാമിന്‍റെ പുത്രന്മാരായ യോവേലാ, സെബദ്യാവ്,
8പരിചയും കുന്തവും എടുപ്പാന്‍ പ്രാപ്തിയുള്ള വീരന്മാരും യുദ്ധാഭ്യാസികളും ഗാദ്യരെ പിരിഞ്ഞുവന്നു മരുഭൂമിയിൽ ദുര്‍ഗത്തിൽ ദാവീദിനോടു ചേര്‍ന്നു; അവര്‍ സിംഹമുഖന്മാരും മലകളിലെ മാന്‍പേടകളെപ്പോലെ വേഗതയുള്ളവരുമായിരുന്നു.
9അവരാരെന്നാൽ: തലവന്‍ ഏസെര്‍, രണ്ടാമന്‍ ഓബദ്യാവ്, മൂന്നാമന്‍ എലീയാബ്,
10നാലാമന്‍ മിശ്മന്നാ, അഞ്ചാമന്‍ യിരെമ്യാവ്,
11ആറാമന്‍ അത്ഥായി, ഏഴാമന്‍ എലീയേൽ,
12എട്ടാമന്‍ യോഹാനാന്‍, ഒമ്പതാമന്‍ എൽസാബാദ്,
13പത്താമന്‍ യിരെമ്യാവ്, പതിനൊന്നാമന്‍ മഖ്ബന്നായി.
14ഇവര്‍ ഗാദ്യരിൽ പടനായകന്മാര്‍ ആയിരുന്നു; അവരിൽ ചെറിയവന്‍ നൂറു പേര്‍ക്കും വലിയവന്‍ ആയിരം പേര്‍ക്കും മതിയായവന്‍.
15അവര്‍ ഒന്നാം മാസത്തിൽ യോര്‍ദ്ദാന്‍ കവിഞ്ഞൊഴുകുമ്പോള്‍ അതിനെ കടന്നു താഴ്വരനിവാസികളെയൊക്കെയും കിഴക്കോട്ടും പടിഞ്ഞാറോട്ടും ഓടിച്ചു.
16ചില ബെന്യാമീന്യരും യെഹൂദ്യരും ദുര്‍ഗത്തിൽ ദാവീദിന്‍റെ അടുക്കൽ വന്നു.
17ദാവീദ് അവരെ എതിരേറ്റുചെന്ന് അവരോടു: നിങ്ങള്‍ എന്നെ സഹായിപ്പാന്‍ സമാധാനത്തോടെ വന്നിരിക്കുന്നു എങ്കിൽ എന്‍റെ ഹൃദയം നിങ്ങളോടു ചേര്‍ന്നിരിക്കും; എന്‍റെ കൈയിൽ അന്യായം ഒന്നും ഇല്ലാതിരിക്കെ എന്‍റെ ശത്രുക്കള്‍ക്ക് എന്നെ കാണിച്ചുകൊടുപ്പാനെങ്കിലോ നമ്മുടെ പിതാക്കന്മാരുടെ ദൈവം നോക്കി ശിക്ഷിക്കട്ടെ എന്നു പറഞ്ഞു.
18അപ്പോള്‍ മുപ്പതു പേരിൽ തലവനായ അമാസായിയുടെമേൽ ആത്മാവു വന്നു: ദാവീദേ, ഞങ്ങള്‍ നിനക്കുള്ളവര്‍, യിശ്ശായിപുത്രാ,നിന്‍റെ പക്ഷക്കാര്‍ തന്നെ; സമാധാനം, നിനക്കു സമാധാനം; നിന്‍റെ തുണയാളികള്‍ക്കും സമാധാനം; നിന്‍റെ ദൈവമല്ലോ നിന്നെ തുണയ്ക്കുന്നത് എന്ന് അവന്‍ പറഞ്ഞു. ദാവീദ് അവരെ കൈക്കൊണ്ടു പടക്കൂട്ടത്തിനു തലവന്മാരാക്കി.
19ദാവീദ് ഫെലിസ്ത്യരോടുകൂടെ ശൗലിന്‍റെ നേരേ യുദ്ധത്തിന് ചെന്നപ്പോള്‍ മനശ്ശേയരിൽ ചിലരും അവനോടു ചേര്‍ന്നു; അവര്‍ അവര്‍ക്കു തുണ ചെയ്തില്ലതാനും; ഫെലിസ്ത്യപ്രഭുക്കന്മാര്‍ ആലോചിച്ചിട്ട്: അവന്‍ നമ്മുടെ തലയുംകൊണ്ടു തന്‍റെ യജമാനനായ ശൗലിന്‍റെ പക്ഷം തിരിയും എന്നു പറഞ്ഞ് അവനെ അയച്ചുകളഞ്ഞു.
20അങ്ങനെ അവന്‍ സിക്ലാഗിൽ ചെന്നപ്പോള്‍ മനശ്ശെയിൽനിന്ന് അദ്നാഹ്, യോസാബാദ്, യെദീയയേൽ, മീഖായേൽ, യോസാബാദ്, എലീഹൂ, സില്ലഥായി എന്നീ മനശ്ശേയസഹസ്രാധിപന്മാര്‍ അവനോടു ചേര്‍ന്നു.
21അവരൊക്കെയും വീരന്മാരും പടനായകന്മാരും ആയിരുന്നതുകൊണ്ട് കവര്‍ച്ചക്കൂട്ടത്തിന്‍റെ നേരേ ദാവീദിനെ സഹായിച്ചു.
22ദാവീദിനെ സഹായിക്കേണ്ടതിനു ദിവസംപ്രതി ആളുകള്‍ അവന്‍റെ അടുക്കൽ വന്ന് ഒടുവിൽ ദൈവത്തിന്‍റെ സൈന്യംപോലെ വലിയൊരു സൈന്യമായിത്തീര്‍ന്നു.
23യഹോവയുടെ വചനപ്രകാരം ശൗലിന്‍റെ രാജത്വം ദാവീദിന് ആക്കുവാന്‍ യുദ്ധസന്നദ്ധരായി ഹെബ്രോനിൽ അവന്‍റെ അടുക്കൽ വന്ന തലവന്മാരുടെ സംഖ്യകളാവിത്:
24പരിചയും കുന്തവും എടുത്തു യുദ്ധസന്നദ്ധരായ യെഹൂദ്യര്‍ ആറായിരത്തി എണ്ണൂറു പേര്‍.
25ശിമെയോന്യരിൽ ശൗര്യമുള്ള യുദ്ധവീരന്മാര്‍ ഏഴായിരത്തി ഒരുനൂറു പേര്‍.
26ലേവ്യരിൽ നാലായിരത്തി അറുനൂറു പേര്‍.
27അഹരോന്യരിൽ പ്രഭു യെഹോയാദാ; അവനോടുകൂടെ മൂവായിരത്തി എഴുനൂറു പേര്‍.
28പരാക്രമശാലിയായി യൗവനക്കാരനായ സാദോക്, അവന്‍റെ പിതൃഭവനത്തിലെ ഇരുപത്തിരണ്ടു പ്രഭുക്കന്മാര്‍.
29ശൗലിന്‍റെ സഹോദരന്മാരായ ബെന്യാമീന്യരിൽ മൂവായിരം പേര്‍; അവരിൽ ഭൂരിപക്ഷം അതുവരെ ശൗൽഗൃഹത്തിന്‍റെ കാര്യം നോക്കിവന്നിരുന്നു.
30എഫ്രയീമ്യരിൽ പരാക്രമശാലികളായി തങ്ങളുടെ പിതൃഭവനങ്ങളിൽ ശ്രുതിപ്പെട്ടവരായ ഇരുപതിനായിരത്തി എണ്ണൂറു പേര്‍.
31മനശ്ശെയുടെ പാതിഗോത്രത്തിൽ പതിനെണ്ണായിരം പേര്‍. ദാവീദിനെ രാജാവാക്കുവാന്‍ ചെല്ലേണ്ടതിന് ഇവരെ പേരുപേരായി കുറിച്ചിരുന്നു.
32യിസ്സാഖാര്യരിൽ യിസ്രായേൽ ഇന്നതു ചെയ്യേണം എന്ന് അറിവാന്‍ തക്കവണ്ണം കാലജ്ഞന്മാരായ തലവന്മാര്‍ ഇരുനൂറു പേര്‍; അവരുടെ സഹോദരന്മാരൊക്കെയും അവരുടെ കല്പനയ്ക്കു വിധേയരായിരുന്നു.
33സെബൂലൂനിൽ യുദ്ധസന്നദ്ധരായ സകലവിധ യുദ്ധായുധങ്ങളെ ധരിച്ചു നിരനിരയായി ഐകമത്യത്തോടെ യുദ്ധത്തിനു പുറപ്പെട്ടവര്‍ അമ്പതിനായിരം പേര്‍.
34നഫ്താലിയിൽ നായകന്മാര്‍ ആയിരം പേര്‍; അവരോടുകൂടെ പരിചയും കുന്തവും എടുത്തവര്‍ മുപ്പത്തേഴായിരം പേര്‍.
35ദാന്യരിൽ യുദ്ധസന്നദ്ധര്‍ ഇരുപത്തെണ്ണായിരത്തി അറുനൂറു പേര്‍.
36ആശേരിൽ യുദ്ധസന്നദ്ധരായി പടയ്ക്കു പുറപ്പെട്ടവര്‍ നാല്പതിനായിരം പേര്‍.
37യോര്‍ദ്ദാന് അക്കരെ രൂബേന്യരിലും ഗാദ്യരിലും മനശ്ശെയുടെ പാതിഗോത്രത്തിലും സകലവിധ യുദ്ധായുധങ്ങളോടുകൂടെ ലക്ഷത്തിരുപതിനായിരം പേര്‍.
38അണിനിരപ്പാന്‍ കഴിവുള്ള യോദ്ധാക്കളായ ഇവരെല്ലാവരും ദാവീദിനെ എല്ലാ യിസ്രായേലിനും രാജാവാക്കേണ്ടതിന് ഏകാഗ്രമനസ്സോടെ ഹെബ്രോനിലേക്കു വന്നു; ശേഷമുള്ള യിസ്രായേലും എല്ലാം ദാവീദിനെ രാജാവാക്കേണ്ടതിനു ഐകമത്യപ്പെട്ടിരുന്നു.
39അവര്‍ അവിടെ ഭക്ഷിച്ചും പാനം ചെയ്തുംകൊണ്ടു ദാവീദിനോടുകൂടെ മൂന്നു ദിവസം പാര്‍ത്തു; അവരുടെ സഹോദരന്മാര്‍ അവര്‍ക്കുവേണ്ടി വട്ടംകൂട്ടിയിരുന്നു.
40യിസ്രായേലിൽ സന്തോഷമുണ്ടായിരുന്നതുകൊണ്ടു സമീപവാസികള്‍, യിസ്സാഖാര്‍, സെബൂലൂന്‍, നഫ്താലി എന്നിവര്‍ കൂടെ, കഴുതപ്പുറത്തും ഒട്ടകപ്പുറത്തും കോവര്‍കഴുതപ്പുറത്തും കാളപ്പുറത്തും അപ്പം, മാവ്, അത്തിപ്പഴക്കട്ട, ഉണക്കമുന്തിരിപ്പഴം, വീഞ്ഞ്, എണ്ണ എന്നിവയെയും കാളകളെയും വളരെ ആടുകളെയും കൊണ്ടുവന്നു.